background img

The New Stuff

വ്യവസായ സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍


വിവിധ വകുപ്പുകളായ ഫിഷറീസ്, ഡെയ്റി, കയര്‍, കൈത്തറി, സഹകരണം, പട്ടികജാതി പട്ടികവര്‍ഗം, വ്യവസായം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ചെയ്യാം. ഒരു വ്യവസായ സഹകരണസംഘമെന്നാല്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ ഏതെങ്കിലും സൂക്ഷ്മ, ചെറു സംരംഭമായോ, കരകൗശല വ്യവസായമോ ആരംഭിച്ച് ആകെയുള്ള അംഗങ്ങളില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ലാഭവിഹിതം പങ്കുവയ്ക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായത്തില്‍ പ്രവൃത്തിപരിചയമുള്ള പത്തോ അതിലധികമോ തൊഴിലാളി അംഗങ്ങള്‍ ഉണ്ടാകണം. 1969ലെ കേരളാ സഹകരണ നിയമം അനുസരിച്ച് രജിസ്റ്റര്‍ചെയ്തതാവണം.

ഇത്തരം സഹകരണസംഘങ്ങളാണ് വ്യവസായ സഹകരണ സംഘങ്ങള്‍. വ്യവസായ സഹകരണ സംഘത്തിന്റെ ജില്ലാ രജിസ്ട്രാര്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരാണ്. കയര്‍വ്യവസായ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നത് അതത് സ്ഥലത്തെ കയര്‍ പ്രോജക്ട് ഓഫീസറാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ കയര്‍ വികസന ഡയറക്ടറാണ് രജിസ്ട്രാര്‍. മിനി വ്യവസായ എസ്റ്റേറ്റുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂണിറ്റുകള്‍ ചേര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ മിനി വ്യവസായ എസ്റ്റേറ്റ് സഹകരണസംഘം രജിസ്റ്റര്‍ചെയ്ത് അവരുടെ മേല്‍നോട്ടത്തില്‍ മിനി വ്യവസായ എസ്റ്റേറ്റുകളുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണംചെയ്തു നടപ്പാക്കാം. അവര്‍ക്ക് വ്യവസായത്തിനുവേണ്ടി സ്ഥലം വാങ്ങി ഡെവലപ്ചെയ്ത പുതിയ സംരംഭകര്‍ക്കോ, നിലവിലുള്ള സംരംഭകര്‍ക്ക് വിപുലീകരണത്തിനോ നല്‍കാനാകും. മേല്‍പ്പറഞ്ഞപ്രകാരം ഏതെങ്കിലും വ്യവസായത്തില്‍ പ്രവര്‍ത്തി പരിചയമുള്ള പത്തോ അതിലധികമോ വ്യത്യസ്ത കുടുംബത്തിലെ അംഗങ്ങള്‍ വ്യവസായ സഹകരണസംഘം രൂപീകരിക്കുന്നതിന്റെ മൂന്നോടിയായി യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

ഈ യോഗത്തെ പ്രൊമോട്ടര്‍മാരുടെ യോഗമെന്നു വിളിക്കുന്നു. ഈ സമിതി തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായ സഹകരണ സംഘത്തിന്റെ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനലക്ഷ്യവും തയ്യാറാക്കുക, ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനലക്ഷ്യവും കൈവരിക്കാന്‍വേണ്ടിയുള്ള പദ്ധതിയുടെ രൂപരേഖ അഥവാ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക, പ്രൊമോര്‍ട്ടര്‍മാരുടെ കമ്മിറ്റിയെ തെരഞ്ഞെടുക്കുക, ആവശ്യമുള്ള മറ്റു തീരുമാനങ്ങളെടുക്കുക എന്നിവയാണ് ചെയ്യേണ്ടത്. പ്രൊമോട്ടര്‍മാരുടെ യോഗം വിളിക്കുന്നതിനും ആവശ്യമായ മറ്റു സഹായസഹകരണങ്ങള്‍ക്കും ജില്ലാ വ്യവസായകേന്ദ്രങ്ങളിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെ സമീപിക്കാവുന്നതാണ്. ചീഫ് പ്രൊമോട്ടര്‍, ബൈലാപ്രകാരം അംഗങ്ങളില്‍നിന്ന് ഓഹരി തുകയും പ്രവേശന ഫീസും പിരിക്കേണ്ടതാണ്. ഇങ്ങനെ പിരിക്കുന്ന തുക അതത് സ്ഥലത്തെ ജില്ലാ സഹകരണ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കണം. സംഘം രജിസ്റ്റര്‍ചെയ്യുന്നതിനുവേണ്ടി നിശ്ചിത അപേക്ഷാഫോറത്തില്‍ എല്ലാ അംഗങ്ങളും ഒപ്പിട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ രജിസ്ട്രാര്‍ക്ക് (ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാര്‍) സമര്‍പ്പിക്കേണ്ടതാണ്.

കടപ്പാട് ദേശാഭിമാനി 

0 comments:

Post a Comment

നന്ദി...!!!!

Popular Posts