background img

The New Stuff

കയര്‍ വ്യവസായ യൂണിറ്റുകള്‍ക്ക് ധനസഹായം


കയര്‍വ്യവസായത്തിന്റെ സുഗമമായ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെറുകിട വ്യവസായ മന്ത്രാലയവുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയാണ് കയര്‍ ഉദ്യമി യോജന. ഇതൊരു വായ്പാധിഷ്ഠിത സബ്സിഡി പദ്ധതിയാണ്. ഈ പദ്ധതിപ്രകാരം ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും മറ്റു ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ധിക്കും. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇതിന്റെ നടത്തിപ്പുചുമതല കയര്‍ ബോര്‍ഡിനാണ്. സംസ്ഥാനാടിസ്ഥാനത്തിലാകട്ടെ കയര്‍ബോര്‍ഡിന്റെ പ്രാദേശിക ഓഫീസുകള്‍, കയര്‍ പ്രോജക്ട് ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയാണ് പദ്ധതിയുടെ ചുമതലവഹിക്കുന്നത്.

കയറും കയറുല്‍പ്പന്നങ്ങളും അവയുടെ ഉല്‍പ്പാദന സംസ്കരണ ഘട്ടങ്ങളില്‍ ആധുനികവല്‍ക്കരിക്കുന്നതുള്‍പ്പെടെ ഈ മേഖലയാകെ ആധുനികവല്‍ക്കരിക്കുക, ചകിരിച്ചോറിന്റെ ഉപയോഗത്തിലൂടെ വരുമാനമുണ്ടാക്കുക, ചകിരിനാരുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, പാഴ്വസ്തുക്കളില്‍നിന്ന് ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്. ഈ പദ്ധതിപ്രകാരം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് പരമാവധി 10 ലക്ഷം രൂപവരെ കോമ്പോസിറ്റ് വായ്പയായാണ് ധനകാര്യസ്ഥാപനങ്ങള്‍ നല്‍കേണ്ടത്. ഗുണഭോക്താവിന്റെ വിഹിതം അഞ്ചു ശതമാനം, 55 ശതമാനം ബാങ്ക് വായ്പ, 40 ശതമാനം സര്‍ക്കാര്‍ സബ്സിഡി എന്നിങ്ങനെയാണ് നല്‍കുന്നത്.

18 വയസ്സിനു മുകളില്‍ പ്രായമായ വ്യക്തികള്‍, കമ്പനികള്‍, സ്വയം സഹായസംഘങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, കയര്‍ കോ-സഹകരണ യൂണിറ്റുകള്‍, സംഘടിത ബാധ്യതയുള്ള ഗ്രൂപ്പുകള്‍, ചാരിറ്റബിള്‍ സംഘടനകള്‍ എന്നിവര്‍ക്കെല്ലാം ബാധകമാണ്. വ്യക്തികളുടെ വരുമാനം ധനസഹായം ലഭിക്കുന്നതിനു തടസ്സമല്ല. ചകിരിനാര്, ചകിരി നൂല്‍ എന്നിവപോലെയുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കു മാത്രമേ ഇതിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.

1.യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ രേഖകള്‍.

2. കയര്‍വ്യവസായത്തിലുള്ള പരിചയ സര്‍ട്ടിഫിക്കറ്റ്.

3. കയര്‍ബോര്‍ഡില്‍നിന്നു ലഭിച്ച പരിശീലന സര്‍ട്ടിഫിക്കറ്റ്.

4. വാങ്ങാന്‍ ഉദ്ദേശിക്കുന്ന മെഷിനറികളുടെ പെര്‍ഫോമ ഇന്‍വോയിസ്

.5. ജില്ലാ വ്യവസായകേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന എംഎസ്എംഇ ഇഎം പാര്‍ട്ട് 2 അക്നോളജ്മെന്റ്.

6. ചാര്‍ട്ടേഡ് എന്‍ജിനിയര്‍ സര്‍ട്ടിഫൈചെയ്ത വര്‍ക് ഷെഡ്ഡിന്റെ പ്ലാനും എസ്റ്റിമേറ്റും.

7. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട്.

8 പട്ടികജാതി, പട്ടികവര്‍ഗമാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്.

ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍റിസര്‍വ് ബാങ്ക് ആക്ട് അനുസരിച്ചുള്ള ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, പ്രാദേശിയ ഗ്രാമീണ ബാങ്കുകള്‍, സിജിടിഎംഎസ്ഇയില്‍ അംഗമായിട്ടുള്ള സഹകരണ ബാങ്കുകള്‍ എന്നിവയെല്ലാമാണ് വായ്പ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍. പ്രാദേശീയ തലത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി തെരഞ്ഞെടുക്കുന്നത് ഒരു കമ്മിറ്റിയാണ്. പ്രസ്തുത കമ്മിറ്റിയില്‍ കയര്‍ ബോര്‍ഡിന്റെ പ്രതിനിധി, ജില്ലാ വ്യവസായകേന്ദ്രം, കയര്‍ പ്രോജക്ട് ഓഫീസ്, പഞ്ചായത്ത് രാജ് സ്ഥാപനം എന്നിവര്‍ അംഗങ്ങളാണ്്. അപേക്ഷ ബാങ്കില്‍ ലഭിച്ചുകഴിഞ്ഞാല്‍ 20 ദിവസത്തിനകം അനുമതി നല്‍കണം. അനുമതി നല്‍കിയില്ലെങ്കില്‍ അതിന്റെ വിശദമായ കാരണങ്ങള്‍ കയര്‍ ബോര്‍ഡിനെയും ഗുണഭോക്താവിനെയും അറിയിക്കണം.

അനുമതി ലഭിച്ചാല്‍ മാര്‍ജിന്‍മണി സബ്സിഡി തുക മുന്‍കൂറായി കയര്‍ ബോര്‍ഡിന്റെ പേരില്‍ സംസ്ഥാനത്തെ നോഡല്‍ ബാങ്കില്‍ പിന്‍വലിക്കുന്നതിനായി നിക്ഷേപിക്കും. ഗുണഭോക്താവിന്റെ അഞ്ചുശതമാനം വിഹിതം തയ്യാറാക്കിയശേഷം ബാങ്ക് ബാക്കി 95 ശതമാനം തുക അനുവദിച്ചുനല്‍കും. അതു പിന്നീട് തവണകളായാണ് ലഭിക്കുക. ഇതനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും ഇന്‍ഷുര്‍ ചെയ്യണം. വായ്പയ്ക്കുള്ള പലിശ ബാങ്കിന്റെ അടിസ്ഥാനിരക്കിലാകും. മൊറട്ടോറിയം കഴിഞ്ഞ് ഏഴു വര്‍ഷത്തിനകം വായ്പാ തുക തിരിച്ചടയ്ക്കേണ്ടതാണ്. വായ്പയ്ക്ക് സിജിടിഎംഎസ്ഇയുടെ പരിരക്ഷ ലഭിക്കും. ടേം വായ്പയ്ക്ക് ഈടോ ഗ്യാരന്റിയോ ആവശ്യമില്ല. ഇതു നല്‍കി ആറുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണം. ഗുണഭോക്താക്കള്‍ക്ക് സംരംഭകത്വ പരിശീലനം നിര്‍ബന്ധമാണ്.

ഗുണഭോക്താക്കള്‍ക്കു വേണ്ട വിപണി പിന്തുണ കയര്‍ബോര്‍ഡ് നല്‍കും. അതിനായി രൂപീകരിക്കുന്ന മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യത്തിനും ധനസഹായം നല്‍കും. ഈ രീതിയില്‍ പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. കൂടാതെ മേളകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുന്നതിന് വാടകത്തുക, യാത്രാചെലവ് എന്നിവയെല്ലാം ലഭിക്കും. ഒരുവര്‍ഷം പരമാവധി അഞ്ചു മേളകളില്‍വരെ പങ്കെടുക്കാനാകും. കണ്‍സോര്‍ഷ്യത്തിന് ഓഫീസ്, ഷോറും, ഗോഡൗണ്‍ ഒക്കെ വാടകയ്ക്ക് എടുക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് നിബന്ധനകളോടെ സര്‍ക്കാര്‍ വാടക നല്‍കും. വിവരങ്ങള്‍ക്ക്: കയര്‍ മാര്‍ക്ക് സ്കീം ഓഫീസ്, കയര്‍ ബോര്‍ഡ്, അബാബില്‍ കോംപ്ലക്സ്, ഒന്നാം നില, എസ്ബിടി മുഖ്യ ബ്രാഞ്ചിനു സമീപം, സിസിഎസ്ബി റോഡ്, ആലപ്പുഴ-688011. ഫോണ്‍: 0477-2254325.

കടപ്പാട് ദേശാഭിമാനി  

0 comments:

Post a Comment

നന്ദി...!!!!

Popular Posts