background img

The New Stuff


മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരക്കെ പ്രചാരണം നടക്കുമ്പോഴും പലരും അതില്‍നിന്നു മാറിനില്‍ക്കുന്നത് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ട സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ്. എന്നാല്‍, കുറഞ്ഞ സ്ഥലത്തു വീടുവച്ചിട്ടുള്ളവര്‍ക്കും ശാസ്ത്രീയമായ മലിന്യസംസ്കരണത്തിനുള്ള സൗകര്യമൊരുക്കുകയാണ് കോഴിക്കോടിനടുത്ത് കൊളത്തറയിലെ ബയോഗ്യാസ് പ്ലാന്റ്. ഉറവിട മാലിന്യസംസ്കരണത്തിനു പ്രതീക്ഷയേകുന്ന ഈ പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ ഒരുക്കുന്നത് പറമ്പത്ത് ഷാഫി, ചട്ടിപ്പുരയില്‍ അര്‍ഷാദ്, പൊക്കുന്ന് പാറക്കല്‍ റിയാസ് എന്നി മൂന്നു യുവാക്കള്‍ ചേര്‍ന്നാണ്.

ദിവസം മൂന്നു കിലോവരെ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍നിന്ന് മൂന്നുമണിക്കൂര്‍ പാചകംചെയ്യാനുള്ള ഗ്യാസ് ഉല്‍പ്പാദിപ്പിക്കാനാകും. ആവര്‍ത്തനച്ചെലവില്ലാതെ വീട്ടിലെ പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാനാകുമെന്ന്നിര്‍മാതാക്കള്‍ പറഞ്ഞു. മത്സ്യ-മാംസ അവശിഷ്ടങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, പച്ചക്കറികള്‍, ഇലകള്‍, അഴുക്കുവെള്ളം എന്നിവയെല്ലാം സംസ്കരിക്കാന്‍ കഴിയുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് കുറഞ്ഞ ചെലവേ ഉള്ളൂവെന്ന് അവര്‍ വ്യക്തമാക്കി. പ്രത്യേക ഫൈബര്‍ ഗ്ലാസ് സംഭരണിയും സ്റ്റൗവുമാണ് പ്ലാന്റിലുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പ്ലാന്റുകള്‍ക്ക് ഏഴു വര്‍ഷംവരെ ഗ്യാരന്റി നല്‍കുന്നു. സ്ഥിരമായി ഗ്യാസ് ഉപയോഗിച്ചില്ലെങ്കില്‍ ഒരാഴ്ചവരെ ഇത് സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ദുര്‍ഗന്ധവും പരിസരമലിനീകരണവും ഇല്ലാത്ത സംഭരണിയാണെന്ന പ്രത്യേകതയുമുണ്ട്. വീടുകള്‍ക്കു പുറമെ ചെറുകിട ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍ എന്നിവയ്ക്കും ഇത്തരം സംഭരണി ഉപയോഗപ്രദമാകും. ഫോണ്‍: 9847937816.


കടപ്പാട് ദേശാഭിമാനി


ഒരു സൂക്ഷ്മ, ചെറു സംരംഭം ആരംഭിക്കുന്നതിനു തയ്യാറെടുക്കുന്ന സംരംഭകര്‍ ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വയം വിശകലനംചെയത് ഏതു മേഖലയിലാണ് താല്‍പ്പര്യമെന്ന് സ്വയം തീരുമാനിക്കുക. ഉല്‍പ്പാദനമേഖലയിലും സേവന മേഖലയിലും സംരംഭം ആരംഭിക്കാം. താരതമ്യേന റിസ്ക് കൂടുതല്‍ ഉല്‍പ്പാദന മേഖലയിലാണ്. തെരഞ്ഞെടുത്ത വിഭാഗത്തില്‍നിന്ന് ഏറ്റവും അനുയോജ്യമായ ഒരു പദ്ധതി മനസ്സില്‍ കരുതി നിരവധി പേരുമായി ആശയവിനിമയം നടത്തി, വിപണിസര്‍വേ, മറ്റു വിവരശേഖരണം, ആവശ്യമായ ഗൃഹപാഠം എന്നിവ നടത്തിയശേഷം മാത്രം അവസാന തീരുമാനത്തിലെത്തുക.

അതോടൊപ്പംതന്നെ അതിനുള്ള സാങ്കേതിക സഹായം എവിടെനിന്നെല്ലാം ലഭിക്കുമെന്നും ധനകാര്യം, വിപണന പിന്തുണ, ലൈസന്‍സുകള്‍, സര്‍ക്കാരിന്റെ പോളിസികള്‍ എന്നിവയെപ്പറ്റിയും പഠനം നടത്തണം. സംരംഭം ആരംഭിക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങളെല്ലാമുള്ള സ്ഥലം കണ്ടുപിടിക്കണം. സംരംഭം ഒറ്റയ്ക്കോ, രണ്ടോ അതില്‍ കൂടുതല്‍ പേരാണെങ്കില്‍ പങ്കാളിത്ത സ്ഥാപനമായോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പായോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായോ, ചാരിറ്റബിള്‍ സൊസൈറ്റിയായോ ആരംഭിക്കാം. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്നതിന് ക്രമവും പണച്ചെലവും അധികമാണ്.

ഇത് കമ്പനിയായി രജിസ്റ്റര്‍ചെയ്യുന്നതിന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെയാണ് സമീപിക്കേണ്ടത്. കമ്പനിനിയമത്തില്‍ മാസംതോറും ബോര്‍ഡ് മീറ്റിങ്ങുകള്‍, വാര്‍ഷിക പൊതുയോഗം എന്നിവ നിര്‍ബന്ധമായും നടത്തണം. അതുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റി വിശദമായി സംരംഭകന്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഒരു കണ്‍സള്‍ട്ടന്റിന്റെ സേവനം തേടണം. ഏതു വ്യവസായമാണ് ആരംഭിക്കുന്നതെന്ന് തീരുമാനിച്ചശേഷം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. ഈ പ്രോജക്ടിന് എവിടെനിന്നെല്ലാം സാങ്കേതിക സഹായം, സാമ്പത്തിക സഹായം, വിപണന സഹായം എന്നിവ ലഭിക്കുന്നുവെന്നും പഠിക്കണം. മലിനീകരണമുള്ള വ്യവസായങ്ങള്‍ വ്യവസായമേഖലയിലോ, വ്യവസായ എസ്റ്റേറ്റിലോ മാത്രമേ ആരംഭിക്കാവൂ. സിഡ്കോ, കെഎസ്ഐഡിസി, കിന്‍ഫ്ര, പ്രത്യേക സാമ്പത്തികമേഖല, സര്‍ക്കാരിന്റെ 26% ഓഹരിപങ്കാളിത്തമുള്ള ഇന്‍കെല്‍, കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് എന്നിവരെയാണ് സ്ഥലത്തിനും കെട്ടിടത്തിനുമായി സമീപിക്കേണ്ടത്. ലഭ്യത അനുസരിച്ച് സ്ഥലം അനുവദിക്കുന്നതാണ്.


കടപ്പാട് ദേശാഭിമാനി


സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ അഭിരുചിക്കും സാമ്പത്തികശേഷിക്കും ഇണങ്ങുന്നവിധത്തിലുള്ള സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയാണ് കൊച്ചിയിലെ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് എന്റര്‍പ്രൈസസ് അഥവാ സീഡ് എന്ന സ്ഥാപനം. സംരംഭകര്‍ക്ക് അവരുടെ താല്‍പ്പര്യം അനുസരിച്ചുള്ള സംരംഭത്തിന്റെ ആശയങ്ങള്‍ക്ക് രൂപംനല്‍കി പാകപ്പെടുത്തി എടുക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാരിന്റെ വിവിധ വ്യവസായ ഓഫീസുകളില്‍നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ആരംഭിച്ചതാണ് സ്ഥാപനം.

വ്യവസായവകുപ്പിലെ മുന്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഡാന്‍ സേവ്യര്‍ സീഡിന്റെ ചെയര്‍മാനും അഡ്വ. ബി പ്രസന്നകുമാര്‍ റീജണല്‍ ഡയറക്ടറുമാണ്. ആര്‍ പ്രതാപചന്ദ്രന്‍ നായരാണ് ജനറല്‍ മാനേജര്‍. തിരുവനന്തപുരവും പ്രവര്‍ത്തന കേന്ദ്രമാണ്.പ്രോജക്ട് ആശയങ്ങള്‍, അവ ഉള്‍പ്പെടുത്തിയുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, എല്ലാതരം ലൈസന്‍സുകളും ലഭിക്കുന്നതിനുള്ള ഏകജാലക സേവനങ്ങള്‍ എന്നിവയൊക്കെ സീഡ് ലഭ്യമാക്കും. ഗ്രീന്‍ചാനല്‍ ക്ലിയറന്‍സ് നേടുന്നതിനും സീഡിന്റെ സഹായം ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു വേണ്ട ലൈസന്‍സുകള്‍ നേടിയെടുക്കുന്നതിന് സഹായങ്ങള്‍ നല്‍കുകയും ചെയ്യും.

മരാധിഷ്ഠിത വ്യവസായങ്ങള്‍ക്കു വേണ്ട എന്‍ഒസി, വ്യവസായ യൂണിറ്റുകള്‍ വ്യവസായ മേഖലയിലേക്കു മാറ്റുന്നതിനുള്ള സഹായം, വ്യവസായമേഖലയില്‍ പട്ടയം കിട്ടുന്നതിനുള്ള സഹായങ്ങള്‍ ഇവയൊക്കെയും സീഡ് നല്‍കും. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍, പേറ്റന്റ്, കോപ്പിറൈറ്റ്, ഡിസൈന്‍ രജിസ്ട്രേഷന്‍ എന്നിവ നേടുന്നതിനുള്ള സാങ്കേതിക സഹായങ്ങളും നല്‍കുന്നുണ്ട്. ബിഐഎസ് കണ്‍സള്‍ട്ടിങ്, ഐഎസ്ഒ നേടാനുള്ള സഹായങ്ങളും നല്‍കും. ഇതിനെല്ലാം പുറമെ വിവിധതരം വായ്പകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുകയും അവ യഥാസമയം നേടുന്നതിനു വേണ്ട സഹായങ്ങള്‍ ഒരുക്കുകയും ചെയ്യും.

പീഡിത വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സീഡിലെ വിദഗ്ധര്‍ നല്‍കാറുണ്ട്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളുമായി സംവദിക്കുന്നതിനും കമ്പനി രജിസ്ട്രേഷന്‍ നടത്തുന്നതിനും പങ്കാളിത്ത ഉടമ്പടി തയ്യാറാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങളും സീഡ് നല്‍കുന്നുണ്ട്.
കടപ്പാട് ദേശാഭിമാനി 


ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇക്കാലത്ത് എല്ലാമേഖലകളിലും മുന്‍ഗണന നല്‍കാറുണ്ട്. ഇത്തരം ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ സര്‍ക്കാര്‍തലത്തിലുള്ള ടെന്‍ഡറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടത്ര ശ്രദ്ധചെലുത്താറില്ല. എന്നാല്‍, ഇവ നേടിയെടുക്കുന്നതിലൂടെ മികച്ച മുന്നേറ്റത്തിന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിക്കും. അതിനായി ചില വ്യവസ്ഥകള്‍ പാലിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വേണമെന്നതാണ് പ്രധാന കാര്യം.സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പു ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ വ്യവസായകേന്ദ്രം സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെയും വ്യവസായ സഹകരണ സൊസൈറ്റികളെയും സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കുമ്പോള്‍ കെട്ടിവയ്ക്കേണ്ട തുകയില്‍നിന്ന് (നിരതദ്രവ്യം) ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവുണ്ട്. ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘങ്ങള്‍, രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയെയും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട നിരതദ്രവ്യത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനില്‍ (എന്‍എസ്ഐസി) രജിസ്റ്റര്‍ചെയ്ത സൂക്ഷ്മ, ചെറു, ഇടത്തരം സംരംഭങ്ങളെയും കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഇതില്‍നിന്ന് ഒഴിവാക്കും. എന്‍എസ്ഐസിയില്‍ രജിസ്റ്റര്‍ചെയ്ത ഇത്തരം യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരതദ്രവ്യത്തിന്റെ കാര്യത്തില്‍ ഈആനുകൂല്യം ലഭിക്കും. അതുപോലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡിജിഎസ് ആന്‍ഡ് ഡിയില്‍ രജിസ്റ്റര്‍ചെയ്ത യൂണിറ്റുകള്‍ക്കും നിരതദ്രവ്യം അടയ്ക്കുന്നതില്‍നിന്ന് ഇളവു ലഭിക്കും. സിഡ്കോയുടെ ചെറുകിട യൂണിറ്റുകള്‍ക്കുള്ള ടെന്‍ഡറുകള്‍ക്കും ഈ ഇളവു ബാധകമാണ്. താഴെപറയുന്ന രീതിയിലുള്ള ഇളവ് കേരളത്തിലെ വ്യവസായ യൂണിറ്റുകള്‍ക്കും നല്‍കും. പ്രാദേശിക, കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആനുകൂല്യം. സര്‍ക്കാര്‍ ഓഹരിയുള്ള വ്യവസായങ്ങള്‍ക്ക് 15 ശതമാനം, മറ്റു വ്യവസായങ്ങള്‍ക്ക് 10 ശതമാനം, രജിസ്റ്റര്‍ചെയ്ത സൊസൈറ്റികള്‍ക്ക് 15 ശതമാനം എന്നിങ്ങനെയാണ് ഇളവ്.പ്രാദേശികതലത്തിലുള്ള ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി മറ്റു ചില ഇളവുകളും നല്‍കുന്നുണ്ട്. സ്വകാര്യമേഖലയിലെ ഇടത്തരം, വന്‍കിട വ്യവസായങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനം വില, ഐഎസ്ഐ സര്‍ട്ടിഫിക്കറ്റുള്ളവയ്ക്ക് അവ ഇല്ലാത്തവയെ അപേക്ഷിച്ച് രണ്ടുശതമാനം വില എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും നല്‍കും.

സംസ്ഥാന സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പില്‍ രജിസ്റ്റര്‍ചെയ്തവയ്ക്ക് നിരതദ്രവ്യ ഇളവ്, പെര്‍ഫോമന്‍സ് സെക്യൂരിറ്റി ഇളവ് എന്നിവ ലഭിക്കും. മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ ഇളവു നല്‍കേണ്ടതില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ഖാദി, കിന്‍ഫ്ര, വൈദ്യുതിബോര്‍ഡ്, ജലഅതോറിറ്റി തുടങ്ങിയ ചെറുകിട യൂണിറ്റുകള്‍ക്ക് ഈ ഇളവു നല്‍കണം.പെര്‍ഫോമന്‍സ് സെക്യൂരിറ്റി ഇളവു ലഭിക്കണമെങ്കില്‍ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറില്‍ കുറയാത്ത സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഖാദി സൊസൈറ്റികളും ചാരിറ്റബിള്‍ സൊസൈറ്റികളും ഇതിനായി ഖാദി ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.

കടപ്പാട് ദേശാഭിമാനി 


Popular Posts